മിനാ|
jibin|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:11 IST)
ബലി പെരുനാൾ ദിനത്തിൽ ഹജ്ജ് കര്‍മ്മം പുരോഗമിക്കുന്നതിനിടെ മിനായിൽ ഉണ്ടായ ദുരന്തത്തില്‍ സൌദി സര്‍ക്കാരിനെ വിമര്‍ശിച്ച് ഇറാന്‍ രംഗത്ത്. തിരക്കുള്ള സമയത്ത് സൗദി അധികൃതര്‍ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതായിരുന്നു അപകടത്തിന് വഴിയൊരുക്കിയത്. സുഖുൽ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിൽ ഇരുനൂറ്റി നാലാം നമ്പർ തെരുവില്‍ തിക്കും തിരക്കും വര്‍ദ്ധിച്ചപ്പോള്‍ അധികൃതര്‍ ഒന്നും ചെയ്‌തില്ലെന്നും ഇറാന്റെ അറബ് ആഫ്രിക്കന്‍കാര്യ വിദേശസഹമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹൈന്‍ ആരോപിച്ചു.
കല്ലെറിയല്‍സ്ഥലത്ത് തിക്കും തിരക്കും ഉണ്ടായപ്പോള്‍ കൊട്ടാരവ്യക്തിത്വങ്ങള്‍ക്കുവേണ്ടി വഴി അടച്ചതു മൂലം അപകടം ഉണ്ടാകുകയായിരുന്നു. സൌദി ഭരണകൂടത്തിന്റെ പിടിപ്പ് കേടാണ് അപകടത്തിന് കാരണമായതെന്നാണ് ഇറാന്‍ വ്യക്തമാക്കിയതെന്നും ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹൈന്‍ പറഞ്ഞു. അപകടത്തില്‍ നൂറോളം ഇറാന്‍ സ്വദേശികള്‍ മരിച്ചിരുന്നു.
അതേസമയം, ഓരോ രാജ്യത്തുനിന്നുമുള്ള ഹാജിമാര്‍ക്ക് കല്ലെറിയല്‍ കര്‍മത്തിനായി നിശ്ചയിച്ച സമയക്രമം ചില രാജ്യക്കാര്‍ തെറ്റിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് സൗദി അറേബ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അപകടത്തില്‍ പെട്ടു മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 14 ഇന്ത്യാക്കാര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു മലയാളിയും മരിച്ചു. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കൾക്കു വിവരം ലഭിച്ചു.