നെതന്യാഹുവിനെതിരെ പാളയത്തില്‍ പട; ഇസ്രായേല്‍ മന്ത്രിസഭ നിലം‌പൊത്തിയേക്കും

ടെല്‍അവീവ്| VISHNU.NL| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (09:10 IST)
പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ സ്വന്തം മുന്നണിയില്‍ നിന്ന് വിമത നീക്കാം ശക്തമായതോടെ ഇസ്രായേല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്നേ രാജിവച്ചേക്കും. 22 അംഗ ഇസ്രായേല്‍ മന്ത്രിസഭയില്‍ നെതന്യാഹുവിന്‍െറ ലികുഡ് പാര്‍ട്ടിക്ക് 12 പ്രതിനിധികളാണുള്ളത്.
സഖ്യകക്ഷികളായ ഹത്നുവക്ക് രണ്ടും യെഷ് അടിഡിന് അഞ്ചും യിസ്രായേല്‍ ബെയ്തയ്നുവിന് മൂന്നും മന്ത്രിമാരുമുണ്ട്.

മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഏറ്റവുമൊടുവില്‍ നെതന്യാഹു സര്‍ക്കാരിന്റെ ബജറ്റും പാര്‍ലമെന്റില്‍ പാസാക്കാനായി കൊണ്ടുവരാന്‍ പോകുന്ന ജൂതരാഷ്ട്ര ബില്ലുമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമായത്. മുന്നണിയില്‍ പടയൊരുക്കം ശക്തമായതോടെ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ അവസാന വട്ട ചര്‍ച്ചകള്‍ സജീവം. വലതുപക്ഷ കക്ഷിയായ ‘യിസ്രായേല്‍ ബെയ്തയ്നു’വിലെ അവിഗ്ദര്‍ ലീബര്‍മാനുമായി ഞായറാഴ്ച നെതന്യാഹു ചര്‍ച്ച നടത്തി.

അതേസമയം മന്ത്രിസഭയിലെ പ്രമുഖരും നെതന്യാഹുവിന്‍െറ പ്രധാന വിമര്‍ശകരുമായ ജ്യൂയിഷ് ഹോം പാര്‍ട്ടിയുടെ നഫ്താലി ബെനറ്റ് (ധനമന്ത്രി), ഹത്നൂവ പാര്‍ട്ടിയുടെ സിപി ലിവ്നി (നീതിന്യായ മന്ത്രി), യെഷ് അടിഡ് പാര്‍ട്ടിയിലെ യായര്‍ ലാപിഡ് എന്നിവരുമായും പിന്നണി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനായില്ളെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന സ്ഥിതിയാണുള്ളത്. അതേ സമയം, പാര്‍ട്ടികള്‍ വിട്ടുപോയാല്‍ തീവ്ര വലതുപക്ഷ കക്ഷികളായ ഷാസ് പാര്‍ട്ടി, യഹാദത് ഹതോറ എന്നിവയെ ഉള്‍പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കാനും ശ്രമമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :