അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (12:15 IST)
ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ
ഫോണ്‍ ചര്‍ച്ചയില്‍ ധാരണയായി.
പുതുവര്‍ഷത്തോടനുബന്ധിച്ച് നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും മോദി ആശംസകള്‍ അറിയിച്ചു. 'മൈ ഫ്രണ്ട്' എന്നാണ് നെതന്യാഹുവിനെ മോദി വിശേഷിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള വഴികള്‍
ഇരു രാഷ്ട്രനേതാക്കളും ചര്‍ച്ച ചെയ്തു.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കൂടുതല്‍ ദൃഢനിശ്ചയത്തോടെ ഭീകരതയെ നേരിടുമെന്നും ഇരു നേതാക്കളും വീണ്ടും ഉറപ്പുനല്‍കി.
മേഖലാപരമായ സാഹചര്യങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും ആഴത്തിലുള്ള ആശയവിനിമയം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള പദ്ധതികളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി മോദി എക്‌സില്‍ കുറിച്ചു.