രേണുക വേണു|
Last Modified തിങ്കള്‍, 12 മെയ് 2025 (06:42 IST)
India vs Pakistan: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി മുന്നോട്ട്. ശനിയാഴ്ച രാത്രി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു പിന്നാലെ ഇരുഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഉണ്ടായിട്ടില്ല. അതിര്‍ത്തിപ്രദേശങ്ങള്‍ പൊതുവെ ശാന്തമാണെങ്കിലും ഇരു രാജ്യങ്ങളും ജാഗ്രത തുടരുന്നു.
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണുകള്‍ കണ്ടെന്ന പ്രചരണം തെറ്റെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) അറിയിച്ചു. ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ കണ്ടതായി സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും അതിര്‍ത്തിയില്‍ പ്രകോപനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.
സൈനിക വിഭാഗം ഡയറക്ടര്‍ ജനറലായ ലഫ്. ജനറല്‍ രാജിവ് ഗായ് പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറലുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. ഈ ചര്‍ച്ചയാണ് വെടിനിര്‍ത്തലിനു കാരണം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 നും ഇരുവരും തമ്മിലുള്ള ചര്‍ച്ചയുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘകാലത്തേക്ക് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് ഈ ചര്‍ച്ചയില്‍ തീരുമാനമാകും.