240 കിമി വേഗത്തിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്, പറപറന്ന് കാറുകൾ, വിറച്ച് ഫ്ളോറിഡ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (13:05 IST)
അമേരിക്കയിലെ ഫ്ളോറിഡയിൽ വീശിയടിച്ച അതിശക്തമായ യാൻ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. കാറ്റിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ തെക്ക് കിഴക്കന്‍ ഫ്‌ളോറിഡ പരക്കെ ഇരുട്ടിലായി. കടല്‍ത്തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും വാഹനങ്ങൾ ഒഴുകിപോകുകയും ചെയ്തു.

കനത്ത മഴയ്ക്കൊപ്പമുള്ള ചുഴലിക്കാറ്റിൽ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന 20ഓളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് യു.എസ്. നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ നിലതെറ്റി വീഴുന്നതും റോഡിലൂടെ ശ്രാവുകൾ നീന്തുന്നതുമായ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഫ്‌ളോറിഡയിലെ 18 ലക്ഷത്തോളം ജനങ്ങളാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇരുട്ടിലായതെന്നാണ് റിപ്പോര്‍ട്ടുകൾ.ആയിരക്കണക്കിനാളുകളെ സുരക്ഷിതമേഖലയിലേക്ക് മാറ്റി. കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയില്‍ പല മേഖലയിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :