'യഹ്യ സിന്‍വറിനെ ഞങ്ങള്‍ വകവരുത്തി'; ഹമാസ് തലവന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്

Yahya Sinwar
രേണുക വേണു| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (08:41 IST)
Yahya Sinwar

പലസ്തീന്‍ സായുധസംഘമായ ഹമാസിന്റെ പുതിയ തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍. കഴിഞ്ഞ ദിവസം ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സിന്‍വറിനെ വധിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ഇസ്രയേല്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സിന്‍വര്‍ ആയിരുന്നു. ഹമാസ് തലപ്പത്തേക്ക് എത്തി മൂന്നാം മാസമാണ് സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നത്.

സിന്‍വറിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ സിന്‍വറിനോടു മുഖസാദൃശ്യമുള്ള ഒരാള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചതിനു പിന്നാലെയാണ് വിദേശമന്ത്രിയുടെ സ്ഥിരീകരണം. 2023 ഒക്ടോബര്‍ ഏഴിനു ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സിന്‍വറിനെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. അതേസമയം തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയര്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :