ബീജിംഗ്|
VISHNU N L|
Last Modified ചൊവ്വ, 30 ജൂണ്‍ 2015 (16:26 IST)
ലോകത്തിലെ മനുഷ്യ നിര്‍മ്മിതമായ മഹാ വിസ്മയങ്ങളിലൊന്നാണ് ചൈനയിലെ വന്‍മതില്‍. ചന്ദ്രനില്‍ നിന്ന് നഗ്ന നേത്രങ്ങളിലൂടെ കാണാവുന്ന ലോകത്തിലെ ഏക മനുഷ്യ നിര്‍മ്മിതി എന്ന് പറയപ്പെടുന്ന ചൈനയുടെ ഈ അഭിമാന സ്തംഭം വരും കാലങ്ങളില്‍ ഓര്‍മ്മയില്‍ മാത്രമാകുമെന്ന് സൂചന. മനുഷ്യ നിര്‍മ്മിതി മനുഷ്യന്റെ ഇട്ക്കപെടലുകള്‍ കൊണ്ടു തന്നെ ഇല്ലാതാകുന്നതായാണ് റിപ്പ്ട്ടുകള്‍.
വന്‍മതിലിന്റെ മൂന്നിലൊന്നു ഭാഗം പ്രകൃതിക്ഷോഭങ്ങളും മനുഷ്യരുടെ ആക്രമണവും കാരണം അപ്രത്യക്ഷമായി കഴിഞ്ഞു. പല ശാഖകളായി നിര്‍മ്മിച്ചിരിക്കുന്ന മതിലിന് 4,000 മൈല്‍ നീളമാണ്. ഇതില്‍ 1,200 മൈല്‍ ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് ബീജിംഗ് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നത്. ചൈനയിലെ ലുലോങ്ങിലെ ഗ്രാമീണര്‍ വീടു നിര്‍മ്മിക്കാനും മറ്റും മതില്‍ തകര്‍ത്ത് കല്ലുകള്‍ എടുക്കുന്നുണ്ട്. വിനോദ സഞ്ചാരികളും മതിലിന്റെ തകര്‍ച്ചയ്‌ക്ക് കാരണമാവുന്നുണ്ട്.
വന്മതിലിനെ രക്ഷിക്കാനും പുനര്‍ നിര്‍മ്മിക്കാനും ചൈനീസ് സര്‍ക്കാര്‍ പല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തകര്‍ച്ച കാലങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിര്‍മ്മിതിക്ക് വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താത്തതും തകര്‍ച്ചയുടെ ആക്കം കൂട്ടുന്നുവെന്നും ബീജിംഗ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ങ്‌ഗായ്‌ഗുവാനില്‍ നിന്ന് ആരംഭിച്ച് ഗോബി മരുഭൂമിയിലെ ജിയായുഗുവാനില്‍ അവസാനിക്കുന്നതാണ് ഈ വന്മതില്‍.