അഭിറാം മനോഹർ|
Last Modified വെള്ളി, 20 നവംബര്‍ 2020 (19:06 IST)
മതനിന്ദ ആരോപിച്ച് ഫ്രാൻസിൽ ചരിത്രാധ്യപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസ് നടപ്പാക്കിയ തീരുമാനങ്ങൾക്കെതിരെ വളരെ ശക്തമായാണ് പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചത്. എന്നാൽ ഫ്രാൻസിനെതിരെയുള്ള പാക് പ്രതികരണത്തിന് പിന്നാലെ പാകിസ്താനെതിരെ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്.
പാകിസ്താന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സ് സഹായം നല്‍കില്ല. എന്നതാണ് ഒടുവിൽ കിട്ടുന്ന വാർത്ത. അഗസ്റ്റ 90 ബി ക്ലാസ് അന്തര്‍വാഹിനികള്‍ തുടങ്ങിയവ നവീകരിക്കാനുള്ള സഹായം ഫ്രാന്‍സ് നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിറാഷ് 3 യുദ്ധവിമാനങ്ങൾ നവീകരിച്ച് നൽകില്ലെന്ന ഫ്രാൻസിന്റെ തീരുമാനം പാകിസ്താന് കനത്ത തിരിച്ചടിയാണ്. 150 ഓളം മിറാഷ് യുദ്ധവിമാനങ്ങളാണ് പാകിസ്‌താന്റെ പക്കലുള്ളത്. മാത്രമല്ല ഫ്രഞ്ച്-ഇറ്റാലിയന്‍ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള പാകിസ്താന്റെ അഭ്യര്‍ഥനയും ഫ്രാൻസ് നിരസിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മാത്രമൊതുങ്ങുന്നതല്ല ഫ്രാൻസിന്റെ പാകിസ്താനെതിരെയുള്ള നടപടികൾ,
റഫാല്‍ വിമാനങ്ങളുടെ ജോലികളില്‍ പാക്ക് വംശജരായ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തരുതെന്ന് ഖത്തറിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. . പാക്ക് സ്വദേശികളെ റഫാലിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതു സാങ്കേതിക രഹസ്യങ്ങൾ പാകിസ്‌താൻ ചോർത്താൻ കാരണമാകുമെന്ന് ഫ്രാൻസ് സംശയിക്കുന്നു. മുൻകാലങ്ങളിൽ പാകിസ്താൻ ചൈനയ്‌ക്ക് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയിരുന്നു.അതേസമയം ഫ്രാൻസിൽ ചരിത്രാധ്യാപകൻ കൊല്ലപ്പെട്ട വിഷയത്തിൽ പാകിസ്താനും ഫ്രാൻസും അകന്ന പശ്ചാത്തലത്തിൽ അഭയം തേടിയുള്ള പാകിസ്താനികളുടെ അപേക്ഷകളില്‍ കര്‍ശന സൂക്ഷ്മ പരിശോധനയാണു ഫ്രാന്‍സ്
നടത്തുന്നത്.