കാലിഫോര്‍ണിയ(യുഎസ്)|
jibin|
Last Modified ബുധന്‍, 4 ഏപ്രില്‍ 2018 (08:16 IST)
വടക്കൻ കലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂ ട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം പകല്‍ 12.45നാണ് സംഭവം.
ഇവരെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.
ഒരു സ്ത്രീയുടെ മൃതദേഹമാണ് കെട്ടിടത്തിനുള്ളിൽ നിന്നും ലഭിച്ചത്. ഇവരാണ് അക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആസ്ഥാനത്തിന്റെ ഔട്ട്ഡോർ പാഷ്യോ, ഡൈനിങ് കോർട്ട്‌യാർഡ് ഭാഗത്തേക്കാണ് ഉച്ചഭക്ഷണസമയത്ത് കൈത്തോക്കുമായി
യുവതിയെത്തിയത്.
കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ യുവതി വെടിയുതിർത്തു തുടങ്ങിയിരുന്നു. സ്ത്രീയെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമായിട്ടില്ല. 30 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര പ്രശ്നമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നുമാണ് റിപ്പോർട്ട്.
1,700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. പോലീസ് നടപടികള്‍ തുടരുകയാണ്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.
സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.