നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 4 മെയ് 2021 (10:17 IST)
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരായി. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. തിങ്കളാഴ്ചയാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.
തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ദമ്പതിമാരെന്ന നിലയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ വേര്‍പിരിയുകയാണെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെന്നും വ്യക്തമാക്കി.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇരുവരും കൂടിയാണ് നടത്തുന്നത്. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് ബില്‍ഗേറ്റ്‌സ് അറിയിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ഒന്നിച്ചു തുടരുമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.