വാഷിങ്‌ടണ്‍|
VISHNU N L|
Last Modified ബുധന്‍, 18 നവംബര്‍ 2015 (17:42 IST)
പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരെ എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘമായ അനോണിമസ് സൈബര്‍ ആക്രമണം തുടങ്ങി.
പാരീസ് ആക്രമണത്തിന് പിന്നാലെ ഇതുവരെ തങ്ങള്‍ നടത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ സൈബര്‍ പോരാട്ടം ഐ എസിന് എതിരെ നടത്താന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് അനോണിമസ് പ്രഖ്യാപിച്ചത്.
പോരാട്ടത്തിന്റെ ഭാഗമായി ഐ.എസുമായി ബന്ധപ്പെട്ട 5500 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്കിങ്ങിന് ഇരയാക്കിയതായി അനോണിമസ് വ്യക്‌തമാക്കി.
എന്നാല്‍ സൈബര്‍ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ ഐഎസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇനിയും പോരാട്ടം തുടരുമെന്നാണ് അനോണിമസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വിറ്ററിലെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അനോണിമസ് ഇക്കാര്യം വ്യക്‌തമാക്കിയത്. സോഷ്യല്‍ മീഡിയ രംഗത്ത് ഐ.എസ് മൂക്കു കുത്തുകയാണെന്നും പ്രസ്‌താവനയില്‍ അനോണിമസ് വ്യക്‌തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തങ്ങളുടെ സംഘാംഗങ്ങള്‍ പോരാട്ടത്തില്‍ പങ്കാളികളാകുമെന്നും ഐ.എസ് ഭീകരരെ തങ്ങള്‍ വെറുതെ വിടില്ലെന്നും വ്യക്‌തമാക്കി അനോണിമസ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തുന്ന ഐഎസിന് കനത്ത് തിരിച്ചടിയാണ് ഇതെങ്കിലും പുതിയ അക്കൌണ്ടുകള്‍ തുറക്കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അനോണിമസിന്റെ ആക്രമണം ഐഎസ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.