ലിയോണ്|
WEBDUNIA|
Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (13:50 IST)
സൗദി അറേബ്യയില്‍ സ്ഫോടന പദ്ധതിയിട്ടതായി സംശയിക്കുന്ന 85 ഭീകരവാദികള്‍ക്കെതിരെ ഇന്‍റര്‍പോള്‍ ആഗോള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 83 പേര്‍ സൗദി വംശജര്‍ക്ക് നേരെയും രണ്ട് യമന്‍ സ്വദേശികള്‍ക്ക് നേരെയുമാണ് ഇന്‍റര്‍പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ഇവര്‍ക്ക് സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അല്‍-ക്വൊയ്ദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഇന്‍റര്‍പോള്‍ ആസ്ഥാനമായ ലിയോണില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഫ്രഞ്ച് നഗരമായ ലിയോണിലെ പൊലീസ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് നോട്ടീസ് പുറത്തിറക്കിയത്. സൗദി അറേബ്യയിലെ എണ്ണഖനന-ശേഖരണ കേന്ദ്രങ്ങളിലും അക്രമണം നടത്താന്‍ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയതായി ഇന്‍റര്‍പോള്‍ ചൂണ്ടിക്കാട്ടി.
ആദ്യമായാണ് ഇത്രയധികം പേര്‍ക്കെതിരെ ഒരുമിച്ച് ഇന്‍റര്‍പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇവര്‍ സൗദി അറേബ്യയ്ക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും ഭീഷണിയാണെന്ന് ഇന്‍റര്‍പോള്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഇന്‍റര്‍പോളില്‍ അംഗങ്ങളായ 187 രാജ്യങ്ങളില്‍ ഈ നിര്‍ദേശപ്രകാരം ഇവര്‍ക്കായി തെരച്ചില്‍ നടത്തും. കഴിഞ്ഞ ആഴ്‌ചയാണ് ഇവരുടെ പേരുവിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടത്.