23 പുലികള്‍ കീഴടങ്ങി; 12 പേരെ വധിച്ചു

കൊളംബോ| WEBDUNIA|
അന്തിമപോരാട്ടം നടക്കുന്ന ശ്രീലങ്കയില്‍ കൂടുതല്‍ എല്‍ ടി ടി ഇ പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി സൈന്യം അറിയിച്ചു. ഞായറാഴ്ച രാവിലെ 23 പുലികള്‍ ആയുധം വച്ച് കീഴടങ്ങിയതായും 12 പുലികളെ വധിച്ചതായും സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നയനക്കര അറിയിച്ചു. മൂന്ന് ദിവസം മുന്‍പ് പുലികളുടെ രണ്ട് പ്രധാന നേതാക്കളായ ദയാ മാസ്റ്ററും സൂസൈയും കീഴടങ്ങിയിരുന്നു.

ഇതൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പുലികള്‍ കീഴടങ്ങുമന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുകുടിയിരുപ്പില്‍ 700-ല്‍ താഴെ പുലികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൈന്യം കരുതുന്നത്. എന്നാല്‍ കുട്ടികളെ അടക്കമുള്ള സാധാരണക്കാരെ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പുലികള്‍ പ്രേരിപ്പിക്കുന്നതായി സൈന്യം ആരോപിച്ചിട്ടുണ്ട്.

കനത്ത നാശമാണ് പുലികളുടെ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച പുലികളുടെ മൂന്ന് ബോട്ട് ശ്രീലങ്കന്‍ നേവി മുക്കിയതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം കുട്ടികളേയും മറ്റ്‌ സാധാരണക്കാരേയും ഉപയോഗിച്ച്‌ സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നതായുള്ള വാര്‍ത്ത എല്‍ ടി ടി ഇ നിഷേധിച്ചു.

ശക്തമായ ആക്രമണം നടത്തിയ സൈന്യം പുലികളുടെ അവസാന താവളമായ വല്യാര്‍മഠം ആറുകിലോമീറ്റര്‍ ചുറ്റളവില്‍ വളഞ്ഞിരിക്കുകയാണ്. ഇവിടെ പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ഒളിവില്‍ക്കഴിയുന്നതായാണ് സൈന്യത്തിന്‍റെ കണക്കുകൂട്ടല്‍. മേഖലയില്‍ പുലികള്‍ തടവിലാക്കിയിരുന്ന 500 പേരെ രക്ഷപെടുത്താന്‍ സാധിച്ചതായും സൈന്യം അവകാശപ്പെട്ടു. ‌അതിനിടെ പ്രഭാകരന്‍ കടല്‍മാര്‍ഗ്ഗം രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും അവസാനം വരെ ശ്രീലങ്കയില്‍ പോരാടാനാണ് സാധ്യതയെന്നും ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

പ്രഭാകരന്‍റെ ജനന സര്‍ട്ടിഫിക്കറ്റ്, ജാതകം, പ്രഭാകരന്‍റേയും മകന്‍റേയും ആല്‍ബങ്ങള്‍ എന്നിവ കണ്ടെടുത്തതായും സൈന്യം അറിയിച്ചു. പുതുകുടിയിരുപ്പിലെ അദ്ദേഹത്തിന്‍റെ ഭവനം വിടുന്നതിന് മുന്‍പ് ഇവ കത്തിച്ചുകളഞ്ഞിരിക്കാമെന്നാണ് സൈന്യം കരുതിയിരിന്നത്.

അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആവശ്യം ലങ്കന്‍ സര്‍ക്കാര്‍ തള്ളി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം അണ്ടര്‍ സെക്രട്ടറി ജോണ്‍ ഹോംസ്‌ ആണ്‌ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയിട്ടുണ്ട്. മൂന്നാം കക്ഷിക്ക് മുന്നില്‍ കീഴടങ്ങാന്‍ എല്‍ടിടി‌ഇയെ അനുവദിക്കണമെന്ന അമേരിക്കയുടെ ആവശ്യവും സര്‍ക്കാര്‍ നിഷേധിച്ചു. അവസാന വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :