ദക്ഷിണ ചൈനയിലെ സ്കൂളില്‍ പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും കുത്തേറ്റു. മാനസികനില തെറ്റിയ അധ്യാപകനാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ കുട്ടികളുടെയും അധ്യാപികയുടെയും നില ഗുരുതരമാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേ സ്കൂളില്‍ നേരത്തെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ ചെന്‍ കാങ്ബിങ്ങാണ് ആക്രമണം നടത്തിയത്. മാനസികനില തെറ്റിയ ഇയാള്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന അധ്യാപകന്‍ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് സ്‌കൂളിലെത്തിയത്.
കത്തിയുമായെത്തിയ ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. കുട്ടികളെ ആക്രമിക്കുന്നത് കണ്ട അധ്യാപിക തടയാനെത്തിയപ്പോഴാണ് കുത്തേറ്റത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി.