AISWARYA|
Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (16:01 IST)
ഇനിയും ഉപരോധത്തിന് ശ്രമിച്ചാല്‍ യുഎസിന് ‘വലിയ വേദനയും ദുരിതവും’ ഉണ്ടാവുമെന്ന് ഉത്തര കൊറിയ. യുഎന്‍ യോഗത്തില്‍ ഉപരോധത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് യുഎസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎൻഎ പ്രസിദ്ധീകരിച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് യുഎസിനുള്ള മുന്നറിയിപ്പുള്ളത്.
ഉത്തര കൊറിയയുടെ ആറാം ആണവപരീക്ഷണത്തിന് പിന്നാലെ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താല്‍ യുഎസ് ശ്രമിക്കുന്നുണ്ട്. യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തികള്‍ വിലയിരുത്തി അതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, കൊറിയന്‍ തൊഴിലാളികളെ മടക്കി അയയ്ക്കുക തുടങ്ങിയവയാണ് യുഎസിന്റെ ആവശ്യങ്ങൾ.