യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ സ്വയമറിയാതെ പരസ്യമോഡലായി. ജാക്കറ്റ് നിര്‍മ്മാണ കമ്പനിയായ വെതര്‍പ്രൂഫ് ആണ് അമേരിക്കന്‍ പ്രസിഡന്‍റിനെ അനുവാദം പോലും ചോദിക്കാതെ പരസ്യമോഡലാക്കിയത്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കമ്പനിയോട് അവശ്യപ്പെടുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.
ചൈനയിലെ ബാദലിംഗില്‍ വന്‍മതിലിന് മുന്നില്‍ കമ്പനിയുടെ ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന ഒബാമയുടെ ചിത്രമാണ് പരസ്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. അടുത്തിടെ ഒബാമ നടത്തിയ ഔദ്യോഗിക സന്ദര്‍നത്തിനിടെ പകര്‍ത്തിയ വാര്‍ത്താ ചിത്രമാണിത്. ഈ ചിത്രം കമ്പനി അനധികൃതമായി പരസ്യത്തിന് ഉപയോഗിക്കുകയായിരുന്നു. ഏറെ പ്രസിദ്ധമായ ടൈംസ് സ്ക്വയറില്‍ നാല്‍പത്തിയൊന്നാം നമ്പര്‍ സ്ട്രീറ്റിലെ പരസ്യബോര്‍ഡിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
കീശയില്‍ കൈ തിരുകി ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന ഒബാമയുടെ ചിത്രത്തോടു ചേര്‍ന്ന് കമ്പനിയുടെ പേരും പരസ്യവാചകവും പതിച്ചിട്ടുണ്ട്. സംഭവത്തില്‍ വൈറ്റ് ഹൌസ് അതൃപ്തി വ്യക്തമാക്കിക്കഴിഞ്ഞു. പ്രസിഡന്‍റിനെപ്പോലെ ഉന്നതപദവിയിലിരിക്കുന്നവരുടെ ചിത്രം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നത് വൈറ്റ് ഹൌസ് വര്‍ഷങ്ങളായി പുലര്‍ത്തിവരുന്ന നയമാണ്.
പ്രസിഡന്‍റിന്‍റെ ചിത്രം വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് ശരിയല്ലെന്നും ഒബാമയുടെ സമ്മതത്തോടെയാണ് ഇത് ചെയ്തതെന്ന തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും വൈറ്റ് ഹൌസ് പ്രതികരിച്ചു. കമ്പനിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് വൈറ്റ് ഹൌസ്.