ദാവോസ്|
WEBDUNIA|
Last Modified വെള്ളി, 30 ജനുവരി 2009 (08:36 IST)
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം വിമര്‍ശിക്കപ്പെട്ടു. തുര്‍ക്കിയുടെ പ്രധാനമന്ത്രി റെസെപ് തയ്യിപ്പ് എര്‍ഡോഗനും ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസും തമ്മില്‍ ഗാസാ പ്രശ്നത്തില്‍ വാഗ്വാദമുണ്ടായി.
ഗാസയെ പറ്റി റെസെപ് തയ്യിപ്പ് എര്‍ഡോഗനും ഷിമോണ്‍ പെരെസും തുടങ്ങിവച്ച ചര്‍ച്ച പിന്നീട് കത്തിക്കയറുകയായിരുന്നു. ഒരു ഘട്ടത്തില്‍ ‘നിങ്ങള്‍ ആളുകളെ കൊന്നൊടുക്കുകയാണ്’ എന്ന് എര്ഗഡോണ് ഗര്ജ്ജിക്കുക പോലുമുണ്ടായി. എന്നാല്‍ ഹമാസ് നടത്തുന്ന റോക്കറ്റാക്രമണംപ്രതിരോധിക്കേണ്ടത് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിന്റെ അവകാശവും കടമയുമാണെന്ന് ശബ്ദമുയര്‍ത്തിത്തന്നെ ഷിമോണ്‍ പെരസ് മറുപടി നല്കി.
ചര്‍ച്ച അവസാനിക്കാറായപ്പോള്‍ തനിക്ക് അല്പം കൂടി സംസാരിക്കാനുണ്ടെന്നും അതിനനുവദിക്കണമെന്നും മോഡറേറ്ററായ ഡേവിഡ് ഇഗ്നേഷ്യസിനോട് റെസെപ് തയ്യിപ്പ് എര്ഡോഗന് ആവശ്യപ്പെട്ടു.
“പാലസ്തീനിലേക്ക് ടാങ്കില്‍ വരുന്നതില്‍ ആനന്ദം കൊള്ളുന്നുവെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ അഭിപ്രായപ്പെട്ടത് ഞാന്‍ ഓര്‍മ്മിക്കുന്നു. പെരസ് പറയുന്നതെന്തിനും ആളുകള്‍ കയ്യടിച്ച് അഭിനന്ദിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു. ഒട്ടേറെ ആളുകള്‍ ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് മനസാക്ഷിക്ക് നിരക്കുന്നതല്ല” - എര്ഡോഗന്
“നന്ദി സുഹൃത്തേ, നന്ദി സുഹൃത്തേ, നന്ദി സുഹൃത്തേ. ഇനിയൊരിക്കലും ഞാന്‍ ദാവോസില്‍ വരുമെന്ന് തോന്നുന്നില്ല”- എര്ഡോഗന്
ഇരുനേതാക്കളും തമ്മില്‍ നടന്ന വാഗ്വാദവും ചര്‍ച്ചയ്ക്ക് ശേഷം എര്ഡഗോന് ഇറങ്ങിപ്പോയതും സദസിനെ അമ്പരപ്പിച്ചു.
“പെരെസിനെയും എര്ഡോഗനെയും എനിക്ക് വളരെക്കാലമായി അറിയാം. പെരസിനെ ഇത്രയും വികാരഭരിതനായി ഞാനിതുവരെ കണ്ടിട്ടില്ല. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ അകാരണമായി കുറ്റപ്പെടുത്തുകയാണെന്ന് പെരസ് കരുതിയിരിക്കണം. ആകെ ഒറ്റപ്പെട്ടത് പോലെയാണ് പെരസ് സംസാരിച്ചത്. എര്ഡോഗന് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത് ദൌര്‍ഭാഗ്യകരമായിപ്പോയി. ഗാസയിലെ സാഹചര്യം അത്രമാത്രം വിഷമകരമാണ്” - നോര്‍വീജിയന്‍ പ്രധാനമന്ത്രി ജെല്‍ മാഗ്നെ ബോണ്ടെവിക്ക് അഭിപ്രായപ്പെട്ടു.