ഭീകരരും തീവ്രവാദികളും വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് ഇന്റര്‍പോള്‍ മേധാവി റൊണാള്‍ഡ് നോബിള്‍.
ക്രിസ്തുമസ് ദിനത്തില്‍ വെളിവായ, പരാജയപ്പെട്ട എയര്‍ലൈന്‍ ബോംബ് ആക്രമണ ശ്രമത്തില്‍ നിന്ന് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ ഉപാധികള്‍ ഭീഷണികളെ നേരിടാന്‍ പര്യാപ്തമല്ല എന്ന് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം 500 ദശലക്ഷം അന്താരാഷ്ട്ര യാത്രകളില്‍ രേഖകള്‍ ഇന്റര്‍പോള്‍ ഡാറ്റാബേസുമായി ഒത്തു നോക്കിയിരുന്നില്ല എന്നത് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നു.
ഇന്റര്‍പോള്‍ ഡാറ്റബേസ് അനുസരിച്ച് 11 ദശലക്ഷം പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവയില്‍ മാറ്റം വരുത്തി, ഭീകരര്‍ക്കോ മനുഷ്യക്കടത്തുകാര്‍ക്കോ മയക്കുമരുന്ന് കടത്തുകാര്‍ക്കോ നല്‍കുകയാണ് സാധാരണ കണ്ടുവരുന്നത് എന്നും നോബിള്‍ പറഞ്ഞു.
മികച്ച രഹസ്യാന്വേഷണത്തിലൂടെയും രാജ്യങ്ങള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരം പങ്കുവയ്ക്കുന്നതിലൂടെയും മാത്രമേ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയൂ. യുഎസ് ഇക്കാര്യം കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം 78 ദശലകം തവണയാണ് ഇതിനായി ഇന്റര്‍പോള്‍ ഡാറ്റാബേസ് ഉപയോഗിച്ചത്. വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്ത 4000 പേരെ കണ്ടെത്താന്‍ സാധിച്ചു എന്നും നോബിള്‍ അവകാശപ്പെട്ടു.