വിവാദത്തില്‍ കുടുങ്ങി മര്‍ഡോക്ക് ട്വീറ്റിംഗ് തുടങ്ങി!

സിഡ്നി| WEBDUNIA|
PRO
PRO
ആഗോള മാധ്യമചക്രവര്‍ത്തി റുപര്‍ട്ട് മര്‍ഡോക്ക് ട്വിറ്ററില്‍ വിവാദത്തോടെ അരങ്ങേറ്റം കുറിച്ചു. രണ്ട് ദിവസം കൊണ്ട് അന്‍‌പതിനായിരത്തോളം പിന്തുടര്‍ച്ചക്കാരെ ട്വിറ്ററില്‍ കിട്ടിയ മര്‍ഡോക്കിന്റെ പ്രൊഫൈല്‍ വ്യാജമാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും മര്‍ഡോക്ക് ട്വീറ്റിംഗില്‍ കൂടുതല്‍ സജീവമായതോടെ ഇത് യഥാര്‍ത്ഥ പ്രൊഫൈല്‍ ആണെന്ന് തെളിയുകയായിരുന്നു.

ബ്രിട്ടനിലെ അവധി ദിവസങ്ങള്‍ കൂടുതലാണ്, ഇതാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായതെന്ന് മര്‍ഡോക്ക് ട്വീറ്റ് ചെയ്തതാണ് വിവാദമായത്. ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളാണ് രംഗത്തെത്തിയത്.

പ്രസ്‌താവന വഷളായതോടെ മര്‍ഡോക് ആകെ അന്ധാളിച്ചു. സ്വന്തം സഹധര്‍മ്മിണി കൂടി ഈ ട്വീറ്റ് ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടതോടെ ട്വിറ്ററില്‍ നിന്നു മര്‍ഡോക്ക് വിവാദ പ്രസ്‌താവന നീക്കി. എങ്കിലും ട്വിറ്ററിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇതുസംബന്ധിച്ച ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

2012 പുതുവത്സരദിനത്തിലാണ് മര്‍ഡോക്ക് പുതിയ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. അക്കൗണ്ട് വ്യാജമല്ലെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്നെ സാക്‍ഷ്യപ്പെടുത്തിയതോടെ മര്‍ഡോക്കിന്റെ അക്കൌണ്ട് വമ്പന്‍ ഹിറ്റാകുകയായിരുന്നു. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും, സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയെ കുറിച്ചും മര്‍ഡോക്ക് ട്വീറ്റ് ചെയ്തു. മര്‍ഡോക്കിന്റെ കൂടുതല്‍ ട്വീറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ട്വീറ്റര്‍ ലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :