ഒരു ഇന്ത്യന്‍ ട്രെയിന്‍ യാത്രക്കാരന് ഷോക്കേറ്റ് മരിക്കുന്നത് ഉള്‍പ്പെടെയുള്ള വംശീയ ഇ-മെയിലുകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് നാല് പൊലീസ് ഓഫീസര്‍മാരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏഴ് പൊലീസ് ഓഫീസര്‍മാര്‍ക്ക് ഇതേ കുറ്റത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
പൊലീസ് കമ്പ്യൂട്ടറുകള്‍ വംശീയ മെയിലുകള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. രണ്ട് സാര്ജന്റുമാര്ക്കും രണ്ട് സീനിയര്‍ കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് ജോലി നഷ്ടമായത്.
ഇന്ത്യയില്‍ ട്രെയിനിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ഒരാള്‍ ഷോക്കേറ്റ് മരിക്കുന്നതാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ച വംശീയ വീഡിയോ. ഒരു സ്റ്റേഷനില്‍ വച്ച് എഴുന്നേറ്റ് നില്ക്കുന്ന യാത്രക്കാരന് മുകളിലൂടെ പോകുന്ന വൈദ്യുത കമ്പിയില്‍ സ്പര്ശിക്കാനിടയായതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിക്കുന്നതും യാത്രക്കാര്‍ അലറിക്കരയുന്നതുമാണ് ദൃശ്യം.
“ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഇതൊരു മാര്‍ഗ്ഗമായിരിക്കും” എന്ന വംശീയ കമന്റ് കൂട്ടിച്ചേര്‍ത്താണ് ഓസ്ട്രേലിയന്‍ പൊലീസ് ഈ ദൃശ്യം പ്രചരിപ്പിച്ചത്.