ലൈംഗിക പീഡനം; ഷണ്ഡീകരിക്കാന്‍ കോടതിവിധി!

സോള്‍: | WEBDUNIA| Last Modified വെള്ളി, 4 ജനുവരി 2013 (03:20 IST)
PRO
PRO
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 31 വയസുകാരന്റെ ശേഷി ഇല്ലാതാക്കാന്‍ ദക്ഷിണകൊറിയന്‍ കോടതിയുടെ ചരിത്രപ്രധാനമായ വിധി. ദക്ഷിണകൊറിയയില്‍ ആദ്യമാണ്‌ ഇത്തരമൊരു വിധി. ഇയാള്‍ 15 വര്‍ഷം ജയില്‍ശിക്ഷയും അനുഭവിക്കണം.

ദക്ഷിണ കൊറിയയില്‍ കുട്ടികള്‍ക്കെതിരേ തുടര്‍ച്ചയായി ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നവരെ ഹോര്‍മോണ്‍ ചികിത്സകൊണ്ടും രാസപ്രയോഗം കൊണ്ടും ഷണ്ഡീകരിക്കാന്‍ അനുമതി നല്‍കുന്ന നിയമം 2011ല്‍ പാസാക്കിയതിനു ശേഷമുള്ള ആദ്യവിധിയാണിത്‌. സ്‌മാര്‍ട്‌ഫോണ്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട അഞ്ചു കൗമാരക്കാരുമായി 2011 നവംബറിനും മേയ്‌ 2012നും ഇടയ്‌ക്ക് ആറുതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണു പിയോ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ക്കെതിരേയുള്ള കുറ്റം.

കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുമെന്നും നഗ്നചിത്രങ്ങള്‍ പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി പിയോ ഇരകളെ ബലാത്സംഗവും ചെയ്‌തു.
ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം പിയോയുടെ വിവരങ്ങള്‍ പത്തുവര്‍ഷം പൊതുജനങ്ങളെ അറിയിക്കണമെന്നും 20 വര്‍ഷത്തേക്ക്‌ ഇയാളെ നിരീക്ഷിക്കാന്‍ വേണ്ടി ഇലക്‌ട്രോണിക്‌ നിരീക്ഷണ കാല്‍ത്തള അണിയിക്കണമെന്നും സിയോള്‍ ജില്ലാജഡ്‌ജി ഉത്തരവിട്ടു. ലൈംഗികചോദനകളെ നിയന്ത്രിക്കാന്‍ പിയോയെ 200 മണിക്കൂര്‍ തെറാപ്പിക്കു വിധേയമാക്കാനും ജഡ്‌ജി ഉത്തരവിട്ടു. ജര്‍മനി, ഡെന്‍മാര്‍ക്ക്‌, സ്വീഡന്‍, പോളണ്ട്‌, അമേരിക്ക, കലിഫോര്‍ണിയ തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഇത്തരം ശിക്ഷാനിയമങ്ങളുണ്ടെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി നടപ്പാക്കുന്നതു ദക്ഷിണകൊറിയയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :