ലിയോനോരയ്ക്ക് മക്കളുണ്ട്, 20 പേര്‍!

കീവ്| WEBDUNIA|
PRO
ഉക്രൈനിലെ ഒരു അമ്മയ്ക്ക് ഇരുപതാമത്തെ മകന്‍ പിറന്നു‍. നമേനി എന്ന ഈ നാല്‍പ്പത്തിയൊന്നുകാരിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അമ്മ.

ലിയൊനോരയ്ക്ക് 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണ് ഉള്ളത്. ഇപ്പോള്‍ ജനിച്ച ആണ്‍കുട്ടിയും അമ്മയും സുഖമായി കഴിയുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇതോടെ ലിയോനോര പ്രസവം നിര്‍ത്തി എന്ന് കരുതിയാല്‍ തെറ്റി, ഇനിയും മക്കള്‍ ഉണ്ടാവട്ടെ എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

ജൊനാഥനാണ് ലിയോനോരയുടെ മൂത്ത കുട്ടി. ഇരുപതുകാരനായ ജൊനാഥന്‍ വിവാഹിതനാണ്. ലിയോനോരയുടെ ആറ് കുട്ടികള്‍ സ്വന്തം കൃഷിയിടത്തില്‍ ജോലിനോക്കുന്നു. എട്ട് കുട്ടികള്‍ പഠിക്കുന്നു. ആറ് പേര്‍ക്കാവട്ടെ സ്കൂളില്‍ പോകാനുള്ള പ്രായമായിട്ടില്ല.

പടിഞ്ഞാറന്‍ ഉക്രൈനിലാണ് ലിയോനോരയും ഭര്‍ത്താവ് ജാനൊസ് നമേനിയും 20 മക്കളും കഴിയുന്നത്. സ്വന്തമായുള്ള കൊച്ച് കൃഷിയിടത്തിലെ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവര്‍ കടുത്ത പാരമ്പര്യവാദികളാണ്. തങ്ങളും വലിയൊരു കുടുംബത്തിലെ അംഗങ്ങളായതിനാല്‍ മക്കളുടെ എണ്ണം കൂടുന്നതില്‍ ഇവര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ജാനോസിന് 16 സഹോദരങ്ങളുണ്ട്. ലിയോനോരയ്ക്കാവട്ടെ 13 പേരാണ് സഹോദരങ്ങളായുള്ളത്.

ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ചിലിയന്‍ സ്വദേശിനിയായ ലിയോണ്‍‌റ്റിന ആല്‍ബിനയാണ്. ഇവര്‍ക്ക് 55 കുട്ടികളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :