ലിബിയയിലെ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാനായി അമേരിക്ക സൈനിക നടപടികളിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ബരാക് ഒബാമ ലിബിയന്‍ ഭരണകൂടത്തിന് ഇത് സംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു. ഗദ്ദാഫി നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് മാപ്പില്ലെന്നും ആവശ്യമെങ്കില്‍ യുദ്ധം ചെയ്യുമെന്നുമാണ് ഒബാമ വ്യക്തമാക്കിയിരിക്കുന്നത്.
നാറ്റോ സഖ്യരാഷ്‌ട്രങ്ങളും സൈനികനടപടിയില്‍ ഇടപെടുമെന്നാണ് സൂചന. കര, നാവിക, വ്യോമ തലങ്ങളിലെ യുദ്ധസാധ്യതകള്‍ സംബന്ധിച്ച രൂപരേഖ അമേരിക്ക തയാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് ആയുധങ്ങള്‍ കൈമാറുക, ഗദ്ദാഫി അനുകൂല സൈന്യത്തിന്റെ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ വിച്ഛേദിക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ടെന്നാണറിയുന്നത്.
ജനങ്ങളെ കൂട്ടുപിടിച്ചുള്ള സൈനികനീക്കവും ആലോചനയിലുണ്ട്‍. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടപ്പിലാക്കിയ രീതിയിലുള്ള പദ്ധതികളുടെ പരിഗണിക്കുന്നുണ്ട്.
അതിനിടെ ട്രിപ്പോളി നഗരത്തില്‍ പ്രക്ഷോഭകര്‍ വന്‍തോതില്‍ ആയുധ വിന്യസം നടത്തി. എണ്ണ ഉത്പാദനകേന്ദ്രമായ റാസ് ലനഫ് ഗദ്ദാഫി അനുകൂല സൈന്യം പിടിച്ചെടുത്തു. തുറമുഖനഗരമായ ബിന്‍ജവാദിലും ഗദ്ദാഫി സൈന്യം ശക്‌തമായ ആക്രമണം നടത്തി.
ലിബിയയിലെ നിലവിലെസ്ഥിതി മനസിലാക്കാന്‍ കൂടുതല്‍ പ്രതിനിധികളെ അങ്ങോട്ടയയ്ക്കുമെന്ന് യു എന്നും യൂറോപ്യന്‍ യൂണിയനും തിങ്കളാഴ്ച വ്യക്തമാക്കി. അധികാരം ജനങ്ങള്‍ക്കു കൈമാറണമെന്ന് ബ്രിട്ടന്‍ ഗദ്ദാഫിയോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു നേരെ ആയുധം പ്രയോഗിക്കുന്നതു നിര്‍ത്തലാക്കണമെന്നും ബ്രിട്ടന്‍ നിര്‍ദേശിച്ചു. ലിബിയയ്ക്കുമേല്‍ ജപ്പാനും ഉപരോധം ഏര്‍പ്പെടുത്തി.
ഇതിനിടെ ബെന്‍ഗാസിയില്‍ കഴിഞ്ഞദിവസം പ്രക്ഷോഭകരുടെ പിടിയിലായ ബ്രിട്ടീഷ് കമാന്‍ഡോകളെ മോചിപ്പിച്ചു. സമരത്തിനു പിന്തുണ നല്‍കാനുള്ള രഹസ്യ ദൗത്യവുമായി എത്തിയ കമാന്‍ഡോകളെ തെറ്റിദ്ധാരണമൂലം പ്രക്ഷോഭകര്‍ തന്നെ പിടികൂടുകയായിരുന്നു.