ലിബിയയില്‍ വ്യോമനിരോധനം, ഇന്ത്യ വിട്ടുനിന്നു

യുണൈറ്റഡ് നേഷന്‍സ്| WEBDUNIA|
PRO
പ്രക്ഷോഭകര്‍ക്ക് നേരെ ഗദ്ദാഫി നടത്തുന്ന സൈനിക അടിച്ചമര്‍ത്തലുകള്‍ക്ക് തടയിടുന്നതിനായി ലിബിയയെ വ്യോമനിരോധനമേഖലയായി പ്രഖ്യാപിച്ചു. ലിബിയയിലെ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാനും യു എന്‍ രക്ഷാസമിതി തീരുമാനിച്ചു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ കരടു പ്രമേയം അംഗീകരിച്ച ശേഷം നടത്തിയ വോട്ടെടുപ്പില്‍ സമിതി അംഗങ്ങളായ 10 രാജ്യങ്ങള്‍ അനുകൂലമായി വോട്ടു ചെയ്‌തു. എന്നാല്‍ ഇന്ത്യ, റഷ്യ, ചൈന, ജര്‍മനി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. ലിബിയയിലെ യഥാര്‍ഥ സ്ഥിതിഗതികള്‍ ശരിയായ രീതിയില്‍ വിലയിരുത്താതെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി ഹര്‍ദീപ്‌സിംഗ് പുരി അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ നിരോധനത്തിന്റെ പരിധിയില്‍ വരില്ല. ലിബിയയിലെ വ്യോമനിരോധനം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഇറ്റലിയുടെ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. എന്നാല്‍ ഇറ്റലി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.

ഗദ്ദാഫിയുടെ സൈന്യം അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :