അല്‍ക്വൊയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുമെന്ന് അമേരിക്ക. ലാദന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ലെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു. ബിന്‍ ലാദന്‍ മരിച്ചതായി പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പ്രസ്താവിച്ചതിന് പിന്നാലെയാണ് റോബര്‍ട്ട് വുഡിന്‍റെ പ്രതികരണം.
ലാദനെ പിടികൂടി നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് വുഡ് അറിയിച്ചു. ലാദന്‍ മരിച്ചതിന് തങ്ങള്‍ക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അഫ്ഗാന്‍ മലനിരകളില്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. വര്‍ഷങ്ങളായി അഫ്ഗാനില്‍ ലാദന് വേണ്ടി അമേരിക്കന്‍ സേന തെരച്ചില്‍ നടത്തി വരികയാണ്.
ഇന്നലെ വിദേശമാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒസാമ മരിച്ചുവെന്നാണ് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നതെന്ന് പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പറഞ്ഞത്. എന്നാല്‍ അത് സമര്‍ത്ഥിക്കാന്‍ പറ്റിയ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു.