ലങ്ക: രാഷ്ട്രീയ ചര്‍ച്ച വേണമെന്ന് മൂണ്‍

യു എന്‍| WEBDUNIA|
ശ്രീലങ്കന്‍ സേനയും എല്‍ടിടി‌ഇയും സാധാരണക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. 25 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വടക്കന്‍ ശ്രീലങ്കയില്‍ ഇരു വിഭഗങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സാധാരണക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. 2000ത്തോളം പേര്‍ കഴിഞ്ഞ ഒരു മാസത്തിനിടെ യുദ്ധമുഖത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ നിന്ന് സാധാരണക്കാരെ സ്വതന്ത്രമാക്കുന്നതിനുള്ള പാതയൊരുക്കുന്നതിന് യു എന്‍ ശക്തമായ പിന്തുണ നല്‍കുമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

സാധാരണക്കാരുടെ ജീവിതത്തിന് അനാവശ്യമായ നഷ്ടമുണ്ടാകാതിരിക്കാന്‍ സംഘര്‍ഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയ ചര്‍ച്ച നടത്തുന്നതിന്‍ എല്ലാ ഭാഗത്തു നിന്നും നീക്കമുണ്ടാകാന്‍ യു എന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയില്‍ തമിഴ് പുലികളും സൈന്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഇരു വിഭാഗവും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ശ്രീലങ്കയില്‍ സാധാരണക്കര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ അമേരിക്ക ആശങ്ക അറിയിച്ചിട്ടുണ്ട്.

പോരാട്ടത്തിലൂടെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകുമെന്ന്‌ കരുതുന്നില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ റോബര്‍ട്ട്‌ വുഡ്‌ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് എന്തു സഹായം നല്‍കാനും അമേരിക്ക തയ്യാറാണെന്നും റോബര്‍ട്ട്‌ വുഡ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :