ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യഫലങ്ങള്‍ മഹീന്ദ രജപക്സെയ്ക്ക് അനുകൂലം. വോട്ടെണ്ണല്‍ പുരോഗമിക്കവേ അറുപത് ശതമാനത്തോളം വോട്ടുകള്‍ക്ക് രജപക്സെ മുന്നിട്ടുനില്‍ക്കുകയാണ്. മുപ്പത്തിയൊമ്പത് മേഖലകളിലെ ഫലമറിയുമ്പോള്‍ മുപ്പത്തിരണ്ടിലും രജപക്സെയാണ് വിജയിച്ചത്. അഞ്ചിലൊന്ന് വോട്ടുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്.
1,514,944 (59.97) വോട്ടുകളാണ് രജപക്സെ നേടിയിട്ടുള്ളത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെങ്കയ്ക്ക് 983,022 (38.65) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ലങ്ക ഇക്കുറി സാക്ഷിയായത്.
നിലവില്‍ ലങ്കന്‍ പ്രസിഡന്‍റായ രജപക്സെ രണ്ട് വര്‍ഷത്തെ കാലാവധി കൂടി ബാക്കിയുള്ളപ്പോഴാണ് വീണ്ടും ജനവിധി തേടാനിറങ്ങിയത്. എല്‍ടിടിഇക്കെതിരായ വിജയം നല്‍കിയ ആത്മവിശ്വസത്തിലായിരുന്നു രജപക്സെയുടെ നീക്കം. എതിരാളി ശരത് ഫൊന്‍സെങ്കയ്ക്ക് അവസാനനിമിഷം മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു. സൈനിക മേധാവിയായിരുന്ന ഫൊന്‍സേകയും എല്‍ടിടിഇയെ തുരത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്.
ലങ്കയിലെ പ്രാദേശിക സമയം ഇന്നുച്ചയോടെ ഫലം അറിയാമെന്നാണ് കണക്കുകൂട്ടല്‍. ഫലപ്രഖ്യാപനം മുന്‍ നിര്‍ത്തി ലങ്കയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരിയായ കൊളംബോയിലും മറ്റും കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.