യുദ്ധത്തിന്റെ കാലം അവസാനിച്ചുവെന്നും സമാധാനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഒബാമ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് സമാധാനം പുലരുന്നതിന് അമേരിക്കയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
സമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പ്രതിപാദിച്ച ക്യാപ്പിറ്റോള്‍ പ്രസംഗത്തില്‍, രാജ്യത്തിന്റെ സമൃദ്ധി മധ്യവര്‍ഗത്തിന്റെ ചുമലിലാണെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡന്റായാണ് ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഞായറാഴ്ച ഒബാമ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ അന്ന് അവധിദിനം ആയതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തിങ്കളാഴ്ച വീണ്ടും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനും വൈറ്റ് ഹൗസിലേക്കുള്ള പ്രസിഡന്റിന്റെ യാത്ര കാണാനുമായി പതിനായിരങ്ങളാണ് എത്തിയത്.