യുഎസ് നയതന്ത്ര രഹസ്യങ്ങള്‍ വിശദമാക്കുന്ന 2,50,000 രേഖകള്‍ കൂടി വിക്കിലീക്സ് പ്രസിദ്ധീകരണത്തിനു നല്കി. വിക്കിലീക്സ് സൈറ്റിനു നേര്‍ക്ക് നടന്ന ഹാക്കിംഗ് ശ്രമത്തെയും യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിനെയും മറികടന്നാണ് വിക്കിലീക്സ് രഹസ്യ രേഖകള്‍ പുറത്തുവിട്ടത്.
ഗൂഗിള്‍ ശൃംഖലയില്‍ കടന്നു കയറാന്‍ ശ്രമം നടത്തിയതു കൂടാതെ ചൈന സര്‍ക്കാര്‍ യുഎസിന്റെയും സഖ്യ രാജ്യങ്ങളുടെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറാന്‍ ശ്രമം നടത്തി എന്നും സൌദിയില്‍ നിന്ന് അല്‍-ക്വൊയ്ദ പോലെയുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം ലഭിക്കുന്നു എന്നും ഇറാനെ ആക്രമിക്കുന്നതിന് സൌദി യുഎസിന്റെ സഹായം തേടിയെന്നും പുതിയ വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാണ്.
ചൈന ഉത്തര കൊറിയ ബന്ധത്തെ യുഎസ് എതിര്‍ക്കുന്നു എന്നും ദക്ഷിണ കൊറിയ ഒരു ഐക്യ കൊറിയ സ്വപ്നം കാണുന്നതിനെ കുറിച്ചും വിക്കിലീക്സ് രേഖകളില്‍ പറയുന്നു.
പാകിസ്ഥാന് ഗവേഷണ റിയാക്ടറില്‍ കണ്ടെത്തിയ സമ്പുഷ്ട യുറേനിയം നീക്കം ചെയ്യുന്നതിന് യുഎസ് നടത്തിയ വിഫല ശ്രമങ്ങളെ കുറിച്ചും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന് സമ്പുഷ്ട യുറേനിയം ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് തടയുവാനായിരുന്നു യുഎസിന്റെ നീക്കം. എന്നാല്‍, പ്രാദേശിക മാധ്യമങ്ങള്‍ യുഎസ് പാകിസ്ഥാന്റെ ആയുധം പിടിച്ചെടുത്തു എന്ന് പ്രചരിപ്പിക്കുന്നതിന് സാധ്യതയുണ്ട് എന്ന് പറഞ്ഞ പാകിസ്ഥാന് യുഎസ് ശ്രമത്തെ പ്രതിരോധിക്കുകയായിരുന്നു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍, റഷ്യന്‍ നേതാവ് വ്ലാദിമിര്‍ പുടിന്, നെല്‍സണ്‍ മണ്ടേല, ഹമീദ് കര്‍സായി, ഗദ്ദാഫി തുടങ്ങിയവരെ കുറിച്ചുള്ള പരാമര്‍ശങ്ങളും വിക്കിലീക്സ് ചോര്‍ത്തിയ രഹസ്യ രേഖകളിലുണ്ട്.
യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടണിലെ ദ ഗാര്ഡിയന്, ജര്‍മ്മനിയിലെ ഡെര്‍ സ്പീഗല്‍ എന്നീ മാധ്യമങ്ങള്‍ക്കാണ് വിക്കിലീക്സ് രേഖകള്‍ പ്രസിദ്ധപ്പെടുത്താന്‍ നല്‍കിയിരിക്കുന്നത്.