ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേല മരിച്ചുവെന്ന സന്ദേശം ട്വിറ്ററില്‍ ഉപയോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഞായറാഴ്ചയാണ് തൊണ്ണൂറ്റിരണ്ട് വയസ്സുള്ള മണ്ടേല മരിച്ചുവെന്ന വ്യാജ സന്ദേശം ട്വിറ്ററില്‍ വന്നത്.
ട്വിറ്റര്‍ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ വന്ന വ്യാജ പ്രചരണത്തിനെതിരെ നെല്‍സണ്‍ മണ്ടേല ഫൌണ്ടേഷന്‍ രംഗത്ത് വന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. മണ്ടേല പൂര്‍ണ ആരോഗ്യവാനാണെന്നും ഇപ്പോള്‍ അദ്ദേഹം അവധിക്കാലം ആസ്വദിക്കുകയാണെന്നും മണ്ടേല ഫൌണ്ടേഷന്‍ വക്താവ് സെല്ലൊ ഹതാംഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ട്വിറ്ററില്‍ പലപ്പോഴും ഇത്തരം ക്രൂരമായ ‘ഡെത്ത് ജോക്കുകള്‍’ സ്ഥാനംപിടിക്കാറുണ്ട്. പ്രശസ്ത സിനിമാ താരങ്ങളായ ചാര്‍ളി ഷീന്‍, ജോണി ഡെപ്പ്, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരും വ്യാജ മരണ വാര്‍ത്തകള്‍ക്ക് ഇരയായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് എന്ന ബഹുമതി സ്വന്തമാക്കിയ മണ്ടേല പ്രായാധിക്യം മൂലം ഇപ്പോള്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാറില്ല. 2010-ല്‍ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങാണ് മണ്ടേല അവസാനം പങ്കെടുത്ത പൊതുപരിപാടി.