AISWARYA|
Last Modified ശനി, 11 നവംബര്‍ 2017 (11:46 IST)
ബോറടി മാറ്റാന്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലാണ് സംഭവം. നീല്‍സ് ഹോഗെല്‍ എന്ന 41 നാല്‍പ്പത്തിയൊന്നുകാരനായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്.
ആശുപത്രിയിലെ അസ്വാഭാവിക മരണങ്ങളെ സംബന്ധിച്ച് നേരത്തേതന്നെ ദുരൂഹതകളുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
നീല്‍സിന് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു.
അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.