തന്റെ പുസ്തകങ്ങളെ ഇറാന് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണെന്ന് ‘ആല്‍ക്കമിസ്റ്റി’ന്റെ രചിയിതാവ് പൌലോ കൊയ്ലോ. തന്റെ ബ്ലോഗിലൂടെയാണ് കൊയ്ലോ ഇക്കാര്യം ലോകത്തെ അറിയിച്ചത്. പുസ്തകങ്ങള്‍ക്ക് ഇറാന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ബ്ലോഗില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരനാണ് കൊയ്ലോ.
തെറ്റിദ്ധാരണയുടെ പുറത്താണ് ഇറാന് സര്‍ക്കാര്‍ തന്റെ പുസ്തകങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില് പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രസീലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു തനിക്കും തന്റെ പുസ്തകങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ബ്ലോഗില്‍ അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് പുസ്തകങ്ങള്‍ വിലക്കിയിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോകം മുഴുവന്‍ വായനക്കാരും ആരാധകരും ആസ്വാദകരുമുള്ള എഴുത്തുകാരനാണ് പൌലോ കൊയ്ലോ. 1988ല്‍ പുറത്തിറങ്ങിയ ആല്‍ക്കെമിസ്റ്റ് ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. 56 ഭാഷകളില്‍ ഈ പുസ്തകം 150 രാജ്യങ്ങളില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലുമായി ആല്‍ക്കെമിസ്റ്റിന്റെ 43 ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായാണ് കണക്കുകള്‍. ഇറാനിലെ ഭാഷയായ ഫാര്സിയിലേക്കും പേര്‍ഷ്യനിലേക്കും ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.