പ്രസിഡന്റ് സ്ഥാനം തനിക്ക് മതിയായെന്ന് ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക്. എന്നാല്‍, ഉടന്‍ രാജിവച്ചൊഴിയാന്‍ സാധ്യമല്ല എന്നും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയില്‍ കടുത്ത ദു:ഖമുണ്ടെന്ന് പറഞ്ഞ മുബാറക് താന്‍ ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചു.
ഈജിപ്തുകാര്‍ തമ്മിലടിക്കുന്നത് തനിക്ക് കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്ന് താന്‍ ഒരിക്കലും ഓടിപ്പോവില്ലെന്ന് പറഞ്ഞ മുബാറക് താഹിര്‍ സ്ക്വയറില്‍ നടന്ന ഏറ്റുമുട്ടലിനെ അപലപിച്ചു. മുബാറക് രാജ്യം വിടണമെന്ന പ്രക്ഷോഭകാരികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്ന് അദ്ദേഹം.
മുബാറക് അനുകൂലികളും പ്രക്ഷോഭകരും തമ്മില്‍ തുടരുന്ന ഏട്ടുമുട്ടലില് 13 പേര് കൊല്ലപ്പെട്ടു. ഒരു വിദേശിയെയും പ്രക്ഷോഭകാരികള്‍ അടിച്ചുകൊന്നു. ഇതുവരെ ആയിരത്തിലധികം ആളുകള്‍ക്ക് വിവിധ അക്രമസംഭവങ്ങളില്‍ പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈജിപ്തില്‍ അധികാര കൈമാറ്റം ഉടന്‍ നടത്തണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.