പുലികളുടെ ഒരു താവളം കൂടി പിടിച്ചു

കൊളംബോ| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (16:01 IST)
ശ്രീലങ്കയില്‍ പുലികളുടെ ഒരു താവളം കൂടി സൈന്യം പിടിച്ചു. പുലികള്‍ക്ക് നേരെ പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ ഉപയോഗിച്ച് സൈനിക നീക്കം നടത്തില്ലെന്ന് ലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം സൈന്യം നടത്തുന്ന സുപ്രധാന നീക്കമാണിത്. രക്തവൈക്കല്‍ പ്രദേശത്തെ പുലികേന്ദ്രമാണ് സൈന്യം നിയന്ത്രണത്തിലാക്കിയത്. പുലികളുടെ സ്വാധീനം ആറ് കിലോമിറ്റര്‍ പ്രദേശത്ത് മാത്രമായി ചുരുങ്ങിയതായി സൈന്യം അറിയിച്ചു.

വെടിനിര്‍ത്തല്‍ മേഖലയിലെ മറ്റ് രണ്ട് ശക്തികേന്ദ്രങ്ങള്‍ക്കൂടി വിടാന്‍ പുലികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്ന് ഒരു സൈനിക വക്താവ് അറിയിച്ചു. പ്രഭാകരന്‍ രക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ ഉടന്‍ പിടികൂടുമെന്നും സൈന്യം അവകാശപ്പെട്ടു.

അതേസമയം രക്തവൈക്കല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ 34 പുലികളെ സൈന്യം വധിച്ചു. ആക്രമണത്തിനിടെ വടക്കന്‍ തീരത്ത് പുലികളുടെ ആറ് ബോട്ട് മുക്കിയതായി നാവിക സേന വക്താവ് അറിയിച്ചു. പ്രഭാകരന്‍ കടല്‍മാര്‍ഗം രക്ഷപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ നാവിക സേന തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം യുദ്ധമേഖലയിലെ സാധാരണക്കാരുടെ സ്ഥിതി ഇപ്പോഴും ദുരിതപൂര്‍ണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ വേണ്ടത്ര സൌകര്യം ഇപ്പോഴുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിന് ഫ്രാന്‍സിലേയും ബ്രിട്ടനിലേയും വിദേശകാര്യമന്ത്രിമാര്‍ യുദ്ധ മേഖലയില്‍ സന്ദര്‍ശനം നടത്തി. ഇരുവരും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി രോഹിത ബൊഗോലഗാമയുമായി പ്രശ്നം ചര്‍ച്ച ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :