കോടതിയലക്ഷ്യക്കേസില്‍ പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഗിലാനിയെ അറസ്റ്റ് ചെയ്യുകയോ ജയിലിലിടുകയോ ചെയ്യില്ല. പ്രതീകാത്മക തടവുശിക്ഷ മാത്രമാണ് ഗിലാനിക്ക് നല്‍കിയത്. 30 സെക്കന്റ് നേരത്തേക്ക് മാത്രമായിരുന്നു തടവ്.
അതേസമയം ഗിലാനിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണഘടനയുടെ അറുപത്തിമൂന്നാം വകുപ്പ് പ്രകാരം ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാവുന്നതാണ്.
കോടതി വിധി അനുചിതമാണെന്ന് ഗിലാനി പ്രതികരിച്ചു. വിധി കേള്‍ക്കാനായി വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന് മുന്നില്‍ ഗിലാനി ഹാജരായി.
പ്രസിഡന്റ് ആസിഫ് അലി സര്ദാരിക്കെതിര അഴിമതിക്കേസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് നേരത്തെ ഗിലാനിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പുനരാരംഭിക്കുന്നതിനായി സ്വിസ്സ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ഗിലാനി തയ്യാറായില്ല. ഇതാണ് കോടതിയലക്ഷ്യക്കേസിലേക്ക് നയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. അഴിമതിക്കേസുകളില്‍ പ്രതിയാക്കുന്നതില്‍ നിന്ന് പ്രസിഡന്റിനു നിയമസംരക്ഷണം ഉണ്ടെന്നതിനാലാണു കേസ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത്.