പാകിസ്ഥാനിലെ ജനങ്ങള്‍ തീവ്രവാദവും കടുത്ത സാമൂഹ്യ വ്യവസ്ഥിതികളും കൊണ്ട് പൊറുതി മുട്ടുകയാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ തെറ്റി. ലോകവ്യാപകമായി നടത്തിയ ഒരു സര്‍വേയില്‍ സന്തോഷത്തോടെ ജീവിതം നയിക്കുന്നതില്‍ ഇന്ത്യക്ക് മുന്‍പിലാണ് പാകിസ്ഥാന്റെ സ്ഥാനം. 124 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ പാകിസ്ഥാന് 40-ഉം ഇന്ത്യ വളരെ പുറകില്‍ 71-ഉം സ്ഥാനങ്ങളിലായി ഇടം പിടിച്ചു.
ജീവിത വിജയത്തിലും ആഹ്ലാദപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിലും പാകിസ്ഥാനികള്‍ കൂടുതല്‍ മികച്ചവരാണെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 17 ശതമാനം ഇന്ത്യക്കാരാണ് ജീവിതത്തില്‍ ഉന്നതി നേടിയതായി അഭിപ്രായപ്പെടുന്നത്. എന്നാല്‍ 32 ശതമാനം പാകിസ്ഥാനികളും ജീവിത പുരോഗതി കൈവരിച്ചതായും ജീവിതത്തില്‍ തികഞ്ഞ സംതൃപ്തിയാണ് ഉള്ളതെന്നും വെളിപ്പെടുത്തുന്നു.
ഗ്ലോബല്‍ വെല്‍ബീയിംഗ് സര്‍വേ എന്ന പേരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചത് അമേരിക്കയിലുള്ള ഗ്യാലപ്പ് എന്ന സ്ഥാപനമാണ്. സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഏറ്റവും മിടുക്കര്‍ ഡെന്മാര്ക്കുകാരാണ്. ഇവിടെ 72 ശതമാനം ജനങ്ങളും സംതൃപ്ത ജീവിതം നയിക്കുന്നു. 69 ശതമാനം സന്തോഷവാന്മാരും സന്തോഷവതികളുമുള്ള സ്വീഡനും കാനഡയുമാണ് തൊട്ടുപുറകില്‍.
ബംഗ്ലാദേശ് 89, ചൈന 92 എന്നീ സ്ഥാനങ്ങളിലാണ്. അമേരിക്കയില്‍ സന്തുഷ്ടരുള്ളത് 59 ശതമാനമാണ്. സന്തുഷ്ടരുള്ള പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം മധ്യഭാഗത്താണ്. സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളിലെ 15 മുതല്‍ മുകളിലേക്ക് പ്രായമുള്ള 1000 പേര്‍ക്കിടയിലാണ് സന്തുഷ്ടിയുള്ളവരുള്ള രാജ്യങ്ങളേതാണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ചാഡ് എന്ന രാജ്യത്താണ് അസന്തുഷ്ടര്‍ ഏറ്റവും കൂടുതലുള്ളത്.
എന്തായാലും സംതൃപ്തരുടെ കാര്യത്തില്‍ പാകിസ്ഥാന് മുന്നിലാണെങ്കിലും രാജ്യത്തെ സമാധാനത്തിലും സമ്പത്തിലും ഇന്ത്യക്ക് പുറകിലാണ് പാകിസ്ഥാന്റെ സ്ഥാനം.