ഭിന്നതകള്‍ മറന്ന് ഇസ്രയേലും പലസ്തീനും തമ്മില്‍ സമാധാനക്കരാറില്‍ ഏര്‍പ്പെടുണമെന്ന് പോപ്പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പശ്ചിമേഷന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രയേലിലെത്തിയതായിരുന്നു മാര്‍ പാപ്പ. സമാധാനത്തിന്റെ നഗരമെന്നാണ് ജറുസലേമിന്റെ പേര്. എന്നാല്‍ ദശകങ്ങളായി ഈ പുണ്യ നഗരത്തില്‍ സമാധാനം പുലരുന്നില്ല.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള ചര്‍ച്ചകളിലാണ് ജനങ്ങളുടെ ഭാവിയും പ്രതീക്ഷയുമെല്ലാം കുടികൊള്ളുന്നത്. ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത മറന്ന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയണെങ്കില് ഇവിടെ സമാധാനം തിരിച്ചുവരും. സമാധാനത്തിന്റെ പാതയിലേക്കായി വിശ്വാസത്തിന്റെ കാലാവസ്ഥ സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയട്ടേയെന്നും പോപ് പറഞ്ഞു.
ഇസ്രായേല്‍-പലസ്തീന് പ്രശ്ന പരിഹാരത്തിനു വേദിയൊരുക്കുകയാണ് പോപ്പിന്റെ സന്ദര്‍ശന പരിപാടിയുടെ മുഖ്യ ഉദ്ദേശ്യം. . ബുധനാഴ്ച ബെത്ലഹേമിലെത്തുന്ന പോപ് പലസ്തീന് അഭയാര്‍ഥികളെയും പലസ്തീന് അതോറിറ്റി ചെയര്മാന് മഹമൂദ് അബ്ബാസിനെയും സന്ദര്‍ശിക്കും. വ്യാഴാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ചെറുപ്പത്തില്‍ ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയുടെ യുവസംഘടനയായ 'ഹിറ്റ്ലര്‍ യൂത്തില്‍' അംഗമായിരുന്ന പോപ്പിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ലോകം ഉറ്റു നോക്കുകയാണ്.