നാറ്റോ പ്രതിരോധമന്ത്രിമാര്‍ യോഗം ചേരുന്നു

ബ്രാറ്റിസ്ലാവ| WEBDUNIA|
അഫ്‌ഗാനിസ്ഥാനിലെ യുദ്ധത്തെക്കുറിച്ചും യു എസ് പ്രസിഡന്‍റ് ബരാക് ഒബാമയ്‌ക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാറ്റോ പ്രതിരോധ മന്ത്രിമാര്‍ ഇന്ന് യോഗം ചേരുന്നു.

28 അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ അനൌദ്യോഗിക യോഗമാണ് ചേരുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ അന്‍ഡേര്‍സ് ഫോഗ് പറഞ്ഞു. എട്ടു വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ തുടരുന്ന യുദ്ധത്തെക്കുറിച്ചായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ഏഴിന്‌ അഫ്‌ഗാനിസ്ഥാനില്‍ രണ്ടാംഘട്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനു മുമ്പു കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ഒബാമ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

അഫ്ഗാനിലേക്ക്‌ കൂടുതല്‍ യുഎസ്‌ സൈന്യത്തെ അയയ്ക്കണമോ എന്നതു സംബന്ധിച്ച് തന്‍റെ അഭിപ്രായം നാറ്റോ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു മുമ്പായി ഒബാമയെ അറിയിക്കുമെന്ന്‌ യുഎസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സ്‌ പറഞ്ഞു.

അഫ്‌ഗാനിസ്ഥാനില്‍ നിലവില്‍ 68,000 സൈനികരാ‍ണ് നാറ്റോയുടേതായി ഉള്ളത്. ഇതില്‍ 32,000 പേരും അമേരിക്കക്കാരാണ്. ഇതുകൂടാതെ നാറ്റോ സേനയില്‍ ഉള്‍പ്പെടാത്ത 36,000 അമേരിക്കന്‍ സൈനികരെ കൂടി ഇവിടെ വിന്യസിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :