ദാവൂദിനെ കൈമാറണമെന്ന് യു എസ്

ഇസ്ലാമബാദ്| WEBDUNIA|
ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയും അന്താരാഷ്ട്ര ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന് പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. അല്‍-ക്വൊയ്ദയുമായുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിലും ആഗോള മയക്ക് മരുന്ന വ്യാപാരത്തില്‍ ദാവൂദിനുള്ള പങ്കുമായും ബന്ധപ്പെട്ടാണ് അമേരിക്ക ഈ ആവശ്യമുന്നയിച്ചത്.

ദാവൂദിനെ പിടികൂടുന്നതിന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ ഫെഡറല്‍ ബ്യൂറൊ ഓഫ് ഇന്‍‌വെസ്റ്റിഗേഷനും( എഫ് ബി ഐ) ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയും(ഡി ഇ എ) പാക് അഭ്യന്തര മന്ത്രാലയം, മയക്ക് മരുന്ന് വിരുദ്ധ വിഭാഗം , ഐ എസ് ഐ എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. അധികൃത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി ന്യൂസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്.

അല്‍ക്വൊയ്ദ തീവ്രവാദികളുമായി ബന്ധമുള്ള ആളാ‍ണ് ദാവൂദ് ഇബ്രാഹിമെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ പറയുന്നു. ഇയാള്‍ പാകിസ്ഥാനിലുണ്ടെന്നും ഉന്നത അല്‍ ക്വൊയ്ദ നേതാക്കളുടെ പട്ടികയിലാണ് ഇയാളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും സൂചനയുണ്ട്. ഇന്‍റെര്‍പോള്‍ ഇയാള്‍ക്കെതിരെ പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്രിട്ടനിലും പടിഞ്ഞാറന്‍ യുറോപ്പിലും മറ്റും മയക്ക് മരുന്ന് കടത്തുന്നതില്‍ ദാവൂദിന് പങ്കുണ്ടെന്ന് ഡി ഇ എ പറയുന്നു. അതേസമയം, പാകിസ്ഥാനില്‍ ദാവൂദ് ഇബ്രാഹിം ഇല്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :