ചൈനയിലെ സിജിയാംഗ് പ്രവിശ്യയില്‍ ഒരു തൊഴിലാളിക്ക് 14 മണിക്കൂര്‍ ക്യൂ നിന്നിട്ടും നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിച്ചില്ല. ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇയാള്‍ വിവസ്ത്രനായി സ്റ്റേഷനിലൂടെ തലങ്ങും വിലങ്ങും ഓടിയശേഷം അതേനിലയില്‍ അധികൃതരോട് വിശദീകരണവും ചോദിച്ചു!
സിജിയാംഗിലെ പടിഞ്ഞാറന്‍ ജിന്‍ഹുവ സ്റ്റേഷനിലാണ് സംഭവം നടന്നത്. ചെന്‍ വെയ്വി എന്ന തൊഴിലാളിയാണ് കഥയിലെ നായകന്. ഗര്‍ഭിണിയായ ഭാര്യയെ സന്ദര്‍ശിക്കുന്നതിന് നാട്ടിലേക്ക് പോകാനുള്ള ധൃതിയിലായിരുന്നു ചെന്‍. എന്നാല്‍, 14 മണിക്കൂര്‍ ക്യൂ നിന്നിട്ടും ഇയാള്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല. ടിക്കറ്റ് തീര്‍ന്നു എന്നായിരുന്നു അധികൃതരുടെ മറുപടി.
ക്യൂവില്‍ മൂന്നാമതായിരുന്നിട്ടും ടിക്കറ്റ് ലഭിക്കാത്ത ചെന്നിന്റെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ. പ്രതിഷേധം കാട്ടാനായി ഇയാള്‍ സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചുകളഞ്ഞ് സ്റ്റേഷനിലൂടെ ഓടുകയും സ്റ്റേഷന് ഓഫീസറുടെ ഓഫീസിലേക്ക് കടന്ന് ചെന്ന് ടിക്കറ്റ് നല്‍കാത്തതിനുള്ള വിശദീകരണം തേടുകയും ചെയ്തു!
എന്നാല്‍, ടിക്കറ്റ് ബുക്കിംഗും വില്‍പ്പനയും അവസാനിച്ചതിനാല്‍ തങ്ങള്‍ക്ക് ചെന്നിനെ സഹായിക്കാനാവില്ല എന്നായിരുന്നു റയില്‍വെ അധികൃതര്‍ നല്കിയ വിശദീകരണം. അതേസമയം, ചെന്നിന് ടിക്കറ്റ് ലഭിച്ചാല്‍ തങ്ങളും വസ്ത്രമുരിയാന്‍ തയ്യാറാണെന്നാണ് മറ്റുചില തൊഴിലാളികളുടെ അഭിപ്രായം.