ലോസ്എയ്ഞ്ചല്‍സ്|
WEBDUNIA|
Last Modified വെള്ളി, 8 ജനുവരി 2010 (18:30 IST)
PRO
പോപ് രാജാവ് മൈക്കല്‍ ജാക്സന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ടില്‍ ജാക്സന്റെ ഫിസിഷ്യനായിരുന്ന ഡോ. കോണാര്‍ഡ് മുറേയ്ക്കെതിരെ ലോസ്എയ്ചല്സ് പൊലീസ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കിയ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. ഡോ. കോണാര്‍ഡ് മുറേയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കി.
ഡോ. കോണാര്‍ഡ് മുറേയ്ക്കെതിരെ എന്തു കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും മന:പൂര്‍വമല്ലാത്ത നരഹത്യാകുറ്റമായിരിക്കും ചുമത്തുകയെന്ന് നിയമവൃത്തങ്ങള്‍ സൂചന നല്കി. ലണ്ടനില്‍ സംഗീത നിശ അവതരിപ്പിക്കാനിരിക്കേ കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നായിരുന്നു പോപ് ഇതിഹാസത്തിന്റെ അപ്രതീക്ഷിത മരണം.
അമിതമായ രീതിയില്‍ മരുന്നുകളുടെ ഉപയോഗമാണ് ജാക്സന്റെ മരണത്തിന് ഇടയാക്കിയതെന്ന് നിഗമനമുണ്ടായിരുന്നു. ജാക്സന്റെ ആന്തരാവയവങ്ങളില്‍ മയക്കുമരുന്നുകളായ മിഡാസോലം, ഡയസപാം, വേദനസംഹാരിയായ ലിഡോകെയ്ന്‍, എഫെഡ്രാന് തുടങ്ങിയവയും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.