നയ്റോബി|
WEBDUNIA|
Last Modified വെള്ളി, 29 ഫെബ്രുവരി 2008 (12:32 IST)
കലാപം അരക്ഷിതാവസ്ഥയുടെ നിഴല്‍ പരത്തിയ കെനിയയില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ട് പ്രസിഡന്റും പ്രതിപക്ഷവും തമ്മില്‍ അധികാരം പങ്കിടുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു. ഇതോടെ രണ്ട് മാസത്തിലേറെയായി നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന് കരുതപ്പെടുന്നു.
കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കരാറില്‍ പ്രസിഡന്റ് മവായി കിബക്കിയും പ്രതിപക്ഷ നേതാവ് റൈല ഒഡിംഗയും കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഒരു മാസമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയായിരുന്നു.
കൂട്ടുകക്ഷി സര്‍ക്കാരിനുളള സാധ്യതകള്‍ ആരായാന്‍ ഭരണ-പ്രതിപക്ഷങ്ങളുടെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. കലാപത്തെ തുടര്‍ന്ന് തകര്‍ന്ന കെനിയയുടെ വ്യവസായ, വിനോദസഞ്ചാര,ട്രാന്‍സ്പോര്‍ട്ട് മേഖലകള്‍ പുനസൃഷ്ടിക്കാന്‍ ജനങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നു.
കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവുകളില്‍ ആഹ്ലാദ നൃത്തം ചവിട്ടി. വിദേശ രാജ്യങ്ങളില്‍ നിന്ന് അഭിനന്ദനപ്രവാഹത്തോടൊപ്പം സഹായ വാഗ്ദാനങ്ങളും ഉണ്ടായി. പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാനുള്ള കെനിയയില്‍ ജനങ്ങളുടെ കഴിവാണ് കരാര്‍ ഒപ്പുവച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബകി അഭിപ്രായപ്പെട്ടു.