സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നുവെന്ന് ഇരു പക്ഷവും പരസ്പരം ആരോപണം ഉന്നയിച്ചതോടെ കെനിയയില്‍ കലാപം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുമോ എന്ന് ആശങ്ക ഉയര്‍ന്നു. പ്രസിഡന്‍റ് മവായി കിബക്കിയും പ്രതിപക്ഷ നേതാവ് റൈല ഒഡിംഗയും കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരു വിഭാഗവും പരസ്പരം ആരോപണം ഉന്നയിച്ചത്.
ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന് കിബക്കി അവകാശപ്പെട്ടതാണ് ഒഡിംഗയുടെ ഓറഞ്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ച് വരുത്തിയത്. കിബക്കി തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് വീണ്ടും പ്രസിഡന്‍റായതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കിബക്കി പരാജയപ്പെടുകയായിരുന്നു. പ്രസിഡന്‍റാണെന്നുള്ള കിബക്കിയുടെ അവകാശവാദം അന്യായവും അനധികൃതവും ആണ്- മുതിര്‍ന്ന പ്രതിപക്ഷ നേതാവ് അന്‍യാംഗ് ന്യോങോ പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന്, അതൊക്കെ കിബക്കിയുടെ ‘മര്യാദ’ പോലിരിക്കും എന്ന മറുപടിയാണ് ന്യോങോ നല്‍കിയത്. ഏതായാലും ഇരുപക്ഷവും തമ്മില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വാക്പയറ്റ് കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.