താലിബാന്‍ ചാവേറുകളുടെ മിന്നല്‍ ആക്രമണത്തില്‍ നടുങ്ങിയ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സര്‍ക്കാരിന്‍റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് കാബൂള്‍ ഇനിയും മോചിതമായിട്ടില്ല. തലസ്ഥാന നഗരിയിലെ സുപ്രധാന സുരക്ഷാ മേഖലയില്‍ ചാവേറുകള്‍ എങ്ങനെ അതിക്രമിച്ചു കയറി എന്ന ചോദ്യത്തെ നേരിടാനാകാതെ അധികൃതര്‍ കുഴങ്ങുകയാണ്.
പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്‍ഷ്യമിട്ടെത്തിയ ഒരു സംഘം ചാവേറുകളാണ് മണിക്കൂറുകളോളം തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എഴുപതില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ട്.
“നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ കനത്ത ജാഗ്രത പാലിക്കുകയാണ്” - ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് സമാരി ബഷാരി പറഞ്ഞു. തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി ചാവേറുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാവിലെ പത്തുമണിയോടെ പ്രസിഡന്‍റ് പാലസിന് സമീപമാണ് ആദ്യ ചാവേര്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ ധനകാര്യമന്ത്രാലയം ഓഫീസിന് തീപിടിക്കുകയും ചെയ്തു.
ഇതിനിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ചാവേറുകള്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും ഇടയിലും സ്ഫോടനങ്ങള്‍ നടന്നു. പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ കൊട്ടാരം ലക്‍ഷ്യമിട്ടായിരുന്നു ആക്രമണം. ചാവേറുകള്‍ എണ്ണത്തിലേറെയാണെന്ന് മനസിലായതോടെ സൈന്യവും തിരിച്ചടിച്ചു.
മണിക്കൂറുകളോളം പ്രദേശത്ത് യുദ്ധപ്രതീതിയായിരുന്നു. യന്ത്രത്തോക്കുകള്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ഒച്ച മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഉച്ചയ്ക്ക് ശേഷമാണ് സുരക്ഷാ സൈനികര്‍ക്ക് സ്ഥിതി നിയന്ത്രിക്കാനായത്. പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്‍ഷ്യമിട്ട് ഇരുപതോളം ചാവേറുകള്‍ കാബൂളിലെത്തിയതായി താലിബാന്‍ വക്താവ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടന പരമ്പരയും ഏറ്റുമുട്ടലും അരങ്ങേറിയത്.
“അഫ്ഗാന്‍റെ ശത്രുക്കളാണ് കാബൂളില്‍ അക്രമവും സ്ഫോടന പരമ്പരയും നടത്തിയത്. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയാണ് അവരുടെ ലക്‍ഷ്യം” - ആക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ഹമീദ് കര്‍സായി പ്രതികരിച്ചു.