മാഞ്ചെസ്റ്റര്‍|
WEBDUNIA|
Last Modified ബുധന്‍, 11 ജനുവരി 2012 (10:57 IST)
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ വച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുര്‍ദീപ് ഹയറി(20)നെ മരിച്ചനിലയില്‍ കണ്ടെത്തി. മാഞ്ചെസ്റ്ററിലെ യോര്‍ക്ക് സ്ട്രീറ്റിന് സമീപം മെഡ്ലോക് നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്ലിന്‍ഡര്‍ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു ഗുര്‍ദീപ്.
ജനുവരി രണ്ടിന് പുലര്‍ച്ചെ രണ്ടരയ്ക്ക് ആണ് ഗുര്‍ദീപിനെ അവസാനമായി കണ്ടത്. മാഞ്ചസ്റ്ററിലെ ഫാലോഫീല്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് ഗുര്‍ദീപ്താമസിച്ചിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിനായാണ് ഇയാള്‍ ഇവിടെയെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്വെ വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു 16 കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ് ഗുര്‍ദീപിനെ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ ഡിസംബര്‍ 26-നാണ് അനൂജ് ബിദ്വെ വെടിയേറ്റ് മരിച്ചത്.