ധാക്ക|
WEBDUNIA|
Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (16:45 IST)
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബംഗ്ലാദേശ് റൈഫിള്‍സിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന സായുധ കലാപം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സൈനികര്‍ക്ക് ശക്തമായ താക്കിത് നല്കി. സൈനികര്‍ ആയുധം താഴെ വച്ച് കീഴടങ്ങണമെന്ന് ഹസീന ആവശ്യപ്പെട്ടു. ആയുധം ഉപേക്ഷിക്കാന്‍ പട്ടാളക്കാര്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അവര്‍ താക്കീത് നല്കി.
ആയുധങ്ങള്‍ താഴെ വച്ച് എത്രയും പെട്ടെന്ന് പട്ടാള ക്യാംപിലേക്കു തിരിച്ചു പോവുകയാണു വേണ്ടത്. ക്ഷമയുടെ പരിധി ലംഘിക്കുന്നിടം വരെ കാര്യങ്ങളെ എത്തിക്കാതിരിക്കുന്നതാവും നല്ലത്. രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാനും തയ്യാറാണെന്ന് ഹസീന അതിശക്തമായ ഭാഷയില്‍ പട്ടാളക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
ബിഡിആര്‍ സൈനിക പ്രതിനിധികളുമായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സൈനികര്‍ കലാപത്തില്‍ അയവ് വരുത്തിയിരുന്നു. സൈനികരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കലാപം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
എന്നാല്‍ ഇന്ന് രാവിലെ മുതല്‍ അര്‍ധ സൈനിക വിഭാഗമായ റൈഫിള്‍സിലെ ഭടന്മാര് പല സ്ഥലങ്ങളിലും ആക്രമണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. തെരുവിലിറങ്ങിയ സൈനികര്‍ പലയിടത്തും പ്രകോപനപരമായി വെടിവെപ്പ് നടത്തിയതായാണ് വിവരം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം, കലാപത്തില്‍ ഇതുവരെ 77 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.