വത്തിക്കാന്‍ സിറ്റി|
WEBDUNIA|
Last Modified ഞായര്‍, 21 ഫെബ്രുവരി 2010 (17:00 IST)
PRO
കത്തോലിക്കാ സഭയില്‍ കന്യാസ്ത്രീകളാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറയുന്നു. രണ്ടായിരം മുതല്‍ 2008 വരെയുള്ള കണക്കനുസരിച്ച് യൂറോപ്പില്‍ ക്രിസ്തുവിന്‍റെ മണവാട്ടിമാരാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം 17.6 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അമേരിക്കയിലും 12.9 ശതമാനം കുറവുണ്ടായിട്ടുണ്ട്. എട്ട് വര്‍ഷക്കാലത്തിനിടെ കന്യാസ്ത്രീകളാകാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തില്‍ എട്ടുശതമാനത്തോളം കുറവാണ് സഭയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ കണക്കുകളിലാണ് ഈ വിവരം. കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞെങ്കിലും സഭയിലെ പുരോഹിതരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 4,09,166 പുരോഹിതരാണ് സഭയില്‍ ഉള്ളത്.
പൌരോഹിത്യപഠനത്തിനുള്ള അപേക്ഷകരുടെ എണ്ണത്തിലും 2008 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ദ്ധനയുണ്ടായി. ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളില്‍ നിന്നാണ് പൌരോഹിത്യ പഠനത്തിനുള്ള അപേക്ഷകര്‍ വര്‍ദ്ധിച്ചത്. എന്നാല്‍ യൂറോപ്പില്‍ ഈ അപേക്ഷകരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയിലും ഈ സംഖ്യയില്‍ വര്‍ദ്ധനയുണ്ടായിട്ടില്ല.
അതേസമയം വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി കണക്കില്‍ വ്യക്തമാകുന്നു. പള്ളികളിലെ കണക്കനുസരിച്ച് ലോകത്തൊട്ടാകെ 1.166 ബില്യന്‍ വിശ്വാസികളാണ് സഭയ്ക്കുള്ളത്. 2008 ല്‍ 19 മില്യന്‍ പേരാണ് ജ്ഞാനസ്നാനം ചെയ്തത്. 2007 നെ അപേക്ഷിച്ച് 1.7 ശതമാനം വര്‍ദ്ധനയാണിത്. ആഗോള ജനസംഖ്യയില്‍ 17.4 ശതമാനമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 2007 ല്‍ ഇത് 17.33 ശതമാനമായിരുന്നു.