ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തി; 71കാരിയായ മാധ്യമപ്രവര്‍ത്തകയെ ജയിലിലടച്ചു

ബെയ്‌ജിംഗ്| JOYS JOY| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (13:11 IST)
എഴുപത്തിയൊന്നു വയസ്സുള്ള മാധ്യമപ്രവര്‍ത്തക ഗായുവിനെ ചൈനീസ് കോടതി ജയിലില്‍ അടച്ചു. ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകയെ കോടതി ജയിലില്‍ അടച്ചത്. ഏഴുവര്‍ഷത്തേക്കാണ് കോടതി ഗായുവിനെ ജയിലില്‍ അടച്ചിരിക്കുന്നത്.

2000ലെ 50 മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകയാണ് ഗായു. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശികള്‍ക്ക് കൈമാറിയെന്നതാണ് ഗായുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കോടതി ഇക്കാര്യം പുറത്തു വിട്ടത്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒളിവില്‍ പോയ ഗായു ഒരു മാസത്തിനു ശേഷം സര്‍ക്കാര്‍ ചാനലില്‍ പ്രത്യക്ഷപ്പെടുകയും തനിക്ക് തെറ്റു പറ്റിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് കോടതി കുറ്റസമ്മതമായി കണക്കാക്കിയാണ് ഗായുവിന് ജയില്‍ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഗായുവിന്റെ തടവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :