നാസയുടെ അടുത്ത ബഹിരാകാശ വാഹനം നവംബര്‍ 14ന് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ‘എന്‍ഡെവര്‍’ സ്പേസ് ഷട്ടിലാണ് വിക്ഷേപിക്കുന്നത്.
അതേസമയം, ഹബിള്‍ സ്പേസ് ടെലസ്കോപ്പിന്റെ(ദൂരദര്‍ശിനി) തകരാറ് പരിഹരിക്കാനായി ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നത് നീട്ടിവച്ചിട്ടുണ്ട്.
ഹബിള്‍ ടെലസ്കോപ്പ് തകരാര്‍ പരിഹരിക്കുന്നതിന് ഈ മാസം ബഹിരാകാശ വാഹനം വിക്ഷേപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.
ടെലസ്കോപ്പില്‍ നിന്ന് ഇപ്പോഴും ചിത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ഭാഗങ്ങള്‍ മേയ് മാസത്തിന് മുമ്പ് ലഭിക്കാത്തതിനാലാണ് ഇതിനായുള്ള ബഹിരാകാശ വാഹന വിക്ഷേപണം മാറ്റിവച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് എന്‍ഡെവര്‍ വിക്ഷേപിക്കുന്നത്. വെള്ളം പുനരുപയോഗത്തിന് സാധ്യമാക്കുന്ന ഉപകരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിക്കുക, അധികമായി അടുക്കള , ടോയിലറ്റ്, ഉറക്കറ എന്നിവ ഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും എന്ഡവറിനുണ്ട്.
എന്‍ഡവറിന്റെ 15 ദിവസം നീണ്ട് നില്ക്കുന്ന യാത്രയില്‍ യാത്രികര്‍ നാല് പ്രാവശ്യം ബഹിരാകാശ നടത്തയ്ക്കിറങ്ങുകയും ചെയ്യും. ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രിഗറി ചമിടോഫിന് പകരം മറ്റൊരാള്‍ ചുമതലയേല്‍ക്കും.