ഉത്തരകൊറിയയ്ക്കെതിരെ അയല്‍‌രാജ്യങ്ങള്‍

സിയോള്‍‌| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (13:03 IST)
വാര്‍ത്താവിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് പൂര്‍ണസജ്ജമായതായി ഉത്തരകൊറിയ അറിയിച്ചു. ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നതെന്ന് അയല്‍ രാജ്യങ്ങളും അമേരിക്കയും ആരോപിച്ചിരിക്കുന്നതിനിടെയാണ് ഉപഗ്രഹ വിക്ഷേപണത്തിന് അവര്‍ തയ്യാറെടുക്കുന്നത്. ദക്ഷിണ കൊറിയയും ജപ്പാനും പരീക്ഷണത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയയുടെ സ്പെയ്സ്‌ ടെക്നോളജീസ് ഏജന്‍സിയാണ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അറിയിച്ചത്. ഏറ്റവും പുതിയ ടീപോഡോങ് - 2 എന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമാണിതെന്നാണ് കരുതുന്നത്.

മിസൈല്‍ പരീക്ഷണം നടത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൈനയുടെ പിന്തുണയോടെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതെന്ന് വാര്‍ത്തയുണ്ട്.

ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക മാത്രമാണ് ലക്‍ഷ്യമെന്നും അത് തുടരുമെന്നും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. 2006ല്‍ 4200 മൈല്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക്‌ മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്ക് മിസൈല്‍ പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തര കൊറിയയുടെ പുതിയ നീക്കം എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :